ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴില് ദാതാക്കളില്‍ ഒന്നാണ് ഇന്ത്യന് റെയില്വേ. ലക്ഷക്കണക്കിന് തൊഴിലാളികളാണ് റെയില്വേയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില് ജോലി ചെയ്തുവരുന്നത്.
എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ടെക്നോളജി, ധനകാര്യം തുടങ്ങി വിവിധ മേഖലകളില് വൈവിധ്യമാര്ന്ന തൊഴില് അവസരങ്ങള് വാഗ്ദാനം ചെയ്യുന്നുണ്ട്. വര്ഷാവര്ഷങ്ങളലില് നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവുകളിലൂടെയാണ് തൊഴിലാളികളെ തെരഞ്ഞെടുക്കുന്നത്. റെയില്വേയിലെ ജോലികള് സാധാരണയായി സുരക്ഷിതവും സ്ഥിരതയുള്ളതും ആകര്ഷകമായ വേതന വ്യവസ്ഥകള് വാഗ്ദാനം ചെയ്യുന്നതുമാണ്. വേതനത്തിന് പുറമെ സൗജന്യ യാത്ര മറ്റ് ഇന്ഷുറന്സ് പരിരക്ഷകള് എന്നിവയും തൊഴിലാളികള്ക്ക് നല്കി വരുന്നു. അതുകൊണ്ട് തന്നെ ദശലക്ഷക്കണക്കിന് തൊഴിലാളികളാണ് ഓരോ വര്ഷവും റെയില്വേ ജോലിക്കായി അപേക്ഷ നല്കി കാത്തിരിക്കുന്നത്.
റെയില്വേയിലെ ചില ജനപ്രിയ തൊഴില് മേഖലകളും അവയ്ക്ക് ആവശ്യമായി വരുന്ന യോഗ്യതകളും ഏതാണെന്ന് പരിശോധിക്കാം!
1. റെയില്വേ എഞ്ചിനീയര്
യോഗ്യത: സിവില് എഞ്ചിനീയറിംഗ്, മെക്കാനിക്കല് എഞ്ചിനീയറിംഗ്, ഇലക്‌ട്രിക്കല് എഞ്ചിനീയറിംഗ്, അല്ലെങ്കില് അനുബന്ധ മേഖലകളില് ബി.ടെക്/ബി.ഇ. + റെയില് എഞ്ചിനീയറിങ് സര്വീസ് റിക്രൂട്ട്മെന്റ് എന്നിവയാണ് യോഗ്യത. ട്രാക്കുകള്, പാലങ്ങള്, ടണലുകള്, സ്റ്റേഷനുകള്, സിഗ്നലിംഗ് സംവിധാനങ്ങള് എന്നിവയുടെ രൂപകല്പ്പന, നിര്മ്മാണം, പരിപാലനം തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് ഒരു റെയില്വേ എഞ്ചിനീയര്ക്ക് ഉണ്ടാവുക.
2. റെയില്വേ ട്രാഫിക് സര്വീസ് (IRTS)
യോഗ്യത: ഡിഗ്രി + സിവില് സര്വീസ് പരീക്ഷ (CSE) വഴി തിരഞ്ഞെടുപ്പ്.
ട്രെയിന് ഓപ്പറേഷന്സ്, ട്രാഫിക് മാനേജ്മെന്റ്, യാത്രക്കാരുടെ സുരക്ഷ, ടിക്കറ്റ് ബുക്കിംഗ്, റവന്യൂ കളക്ഷന് എന്നിവയുടെ മേല്നോട്ടം എന്നിവയാണ് ചുമതലകളില് പെടുന്നത്.
3. റെയില്വേ അക്കൗണ്ട്സ് സര്വീസ് (IRAS)
യോഗ്യത: ഡിഗ്രി + സിവില് സര്വീസ് പരീക്ഷയിലെ വിജയം.
റെയില്വേയുടെ സാമ്ബത്തിക കാര്യങ്ങള് കൈകാര്യം ചെയ്യുക, ബജറ്റ് തയ്യാറാക്കല്, അക്കൗണ്ടുകള് ഓഡിറ്റ് ചെയ്യല്, ധനകാര്യ നയങ്ങള് രൂപീകരിക്കല് എന്നിവ ഉത്തരവാദിത്തങ്ങളില് ഉള്പ്പെടുന്നു.
4. റെയില്വേ പേഴ്സണല് സര്വീസ് (IRPS)
ഡിഗ്രി + സിവില് സര്വീസ് പരീക്ഷ (CSE) മുഖേനയാണ് ജോലി ലഭിക്കുക. റെയില്വേ ജീവനക്കാരുടെ റിക്രൂട്ട്മെന്റ്, പരിശീലനം, സ്ഥാനക്കയറ്റം, ക്ഷേമം എന്നിവ കൈകാര്യം ചെയ്യേണ്ടി വരുന്നു.
5. റെയില്വേ പ്രൊട്ടക്ഷന് ഫോഴ്സ് (RPF):
റെയില്വേ പ്രൊട്ടക്ഷന് ഫോഴിസിലേക്കുള്ള കോണ്സ്റ്റബിള് റിക്രൂട്ട്മെന്റിന് പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. സബ് ഇന്സ്പെക്ടര്ക്ക് ഡിഗ്രിയും. ആര്.പി.എഫ് റിക്രൂട്ട്മെന്റ് പരീക്ഷ വഴിയാണ് ജോലി ലഭിക്കുക. റെയില്വേ സ്വത്തുക്കള് സംരക്ഷിക്കുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, റെയില്വേ പരിസരത്ത് നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് യോഗ്യത.
6. ലോക്കോ പൈലറ്റ്/ട്രെയിന് ഡ്രൈവര്
10ാം ക്ലാസ് + ITI അല്ലെങ്കില് ഡിപ്ലോമ ഇന് എഞ്ചിനീയറിംഗ് + ആര്.ആര്.ബി നടത്തുന്ന ലോക്കോ പൈലറ്റ് പരീക്ഷയും എഴുതണം.
ട്രെയിനുകള് ഓടിക്കുകയാണ് ജോലി.
7. ട്രെയിന് ടിക്കറ്റ് എക്സാമിനര് (TTE)
പ്ലസ് ടു പൂര്ത്തിയാക്കിയ ഉദ്യോഗാര്ഥികള്ക്ക് ആര്.ആര്.ബി നടത്തുന്ന ടി.ടി.ഇ എക്സാമില് പങ്കെടുക്കാം. ട്രെയിനുകളില് ടിക്കറ്റുകള് പരിശോധിക്കുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ട്രെയിന് യാത്രയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്ക്ക് ഉത്തരം നല്കുക എന്നിവയാണ് ജോലി. മുന് ഇന്ത്യന് നായകന് മഹേന്ദ്ര സിങ് ധോണി തുടക്ക കാലത്ത് ടിക്കറ്റ് കളക്ടറായി ജോലി നോക്കിയിട്ടുണ്ട്.
8. സ്റ്റേഷന് മാസ്റ്റര്
ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ആര്.ആര്.ബി നടത്തുന്ന പരീക്ഷയും വിജയിക്കണം. ഒരു റെയില്വേ സ്റ്റേഷന്റെ ദൈനംദിന പ്രവര്ത്തനങ്ങള് കൈകാര്യം ചെയ്യുക, ട്രെയിന് ഷെഡ്യൂളുകള്, പ്ലാറ്റ്ഫോം അലോട്ട്മെന്റുകള്, യാത്രക്കാരുടെ സുരക്ഷ എന്നിവയുടെ മേല്നോട്ടം എന്നിവ ഉത്തരവാദിത്തത്തില് ഉള്പ്പെടുന്നു.
ഇവ കൂടാതെ, റെയില്വേയില് ടെക്നീഷ്യന്മാര്, മെക്കാനിക്കുകള്, ഇലക്‌ട്രീഷ്യന്മാര്, ക്ലര്ക്കുമാര്, ഡോക്ടര്മാര്, നഴ്സുമാര് തുടങ്ങി നിരവധി തൊഴിലവസരങ്ങളുമുണ്ട്. വര്ഷാവര്ഷം റെയില്വേ റിക്രൂട്ട്മെന്റ് ബോര്ഡ് (ആര്.ആര്.ബി) വിവിധ പോസ്റ്റുകളിലായി റിക്രൂട്ട്മെന്റ് വിളിക്കും. ഉദ്യോഗാര്ഥികള്ക്ക് ബന്ധപ്പെട്ട യോഗ്യതയക്കനുസരിച്ച് അപേക്ഷ നല്കാം. കൂടുതലറിയാന് റെയില്വേയുടെ https://indianrailways.gov.in/ വെബ്സൈറ്റ് സന്ദര്ശിക്കുക.