സൗജന്യമായി എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി, ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വിസസില്‍ (ആര്‍മി /നേവി /എയര്‍ഫോഴ്സ് ) കമ്മിഷന്‍ഡ് റാങ്കോടെയുള്ള മെഡിക്കല്‍ ഓഫിസറാകാന്‍ അവസരം.
നീറ്റ് യു.ജി 2024 ല്‍ മികച്ച സ്കോര്‍ നേടിയവര്‍ക്കാണ് അവസരം.
145 സീറ്റുകള്‍
115 സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കും 30 സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കുമായി ആകെ 145 സീറ്റുകളാണുള്ളത്. 10 സീറ്റുകള്‍ പട്ടികവിഭാഗക്കാര്ക്കുള്ളതാണ്. സംവരണ വിഭാഗങ്ങള്‍ക്ക് കുറഞ്ഞ യോഗ്യതയുടെയോ പ്രായത്തിന്റെയോ കാര്യത്തില്‍ ഇളവില്ല.
യോഗ്യത
നീറ്റ് യു.ജി 2024ല്‍ യോഗ്യത നേടിയിരിക്കണം. 2001 ജനുവരി ഒന്നിനും 2007 ഡിസംബര്‍ 31 നുമിടയില്‍ ജനിച്ചിരിക്കണം. ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി വിഷയങ്ങളടങ്ങിയ പ്ലസ്ടു ആദ്യചാന്‍സില്‍ ജയിക്കണം.
ഈ നാല് വിഷയങ്ങളിലോരോന്നിനും 50 ശതമാനവും മൂന്ന് സയന്‍സ് വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 60 ശതമാനം മാര്‍ക്കും നേടണം. അവിവാഹിതരായിരിക്കണം. കോഴ്സിനിടയില്‍ വിവാഹം പാടില്ല.
പ്രവേശന രീതി
പ്രവേശനമാഗ്രഹിക്കുന്നവര് ഈ വര്‍ഷത്തെ മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി) കൗണ്‍സലിങിന്റെ ആദ്യ റൗണ്ടില്‍ പങ്കെടുത്ത് ഓപ്ഷന് നല്‍കണം. ഓഗസ്റ്റ് 14 മുതൽ mcc.nic.in വഴി ഓപ്ഷൻ നൽകാം. ഇപ്രകാരം ഓപ്ഷന് നല്‍കിയവരില്‍നിന്ന് 1880 പേരെ (1490 ആണ്‍കുട്ടികള്‍, 390 പെണ്‍കുട്ടികള്‍) നീറ്റ് യു.ജി സ്കോറടിസ്ഥാനത്തില് എ.എഫ്.എം.സി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കായി പുണെ എ.എഫ്.എം.സിയില്‍ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് ലാംഗ്വേജ്, കോംപ്രിഹന്‍ഷന്‍, ലോജിക് ആന്‍ഡ് റീസണിങ് (ടി.ഒ.ഇ.എല്‍.ആര്.), സൈക്കോളജിക്കല്‍ അസസ്മെന്റ് ടെസ്റ്റ് (പി.എ.ടി.), ഇന്റവ്യൂ എന്നിവയടങ്ങുന്നതാണ് സ്ക്രീനിങ് ടെസ്റ്റ്.
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായ ടി.ഒ.ഇ.എല്‍.ആര് എന്ന 30 മിനിറ്റ് പരീക്ഷയില്‍ 40 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് രണ്ടുമാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ അര മാര്‍ക്കു വീതം കുറയും. ടെസ്റ്റില്‍ 80 ല്‍ ലഭിക്കുന്ന മാര്‍ക്കും നീറ്റില്‍ 720 ലെ മാര്‍ക്കും ചേര്‍ത്ത് 800ലുള്ള മാര്‍ക്കിനെ 200ലേക്ക് മാറ്റും. ഇന്റര്‍വ്യൂവിന്റെ 50 മാര്‍ക്കു കൂടെ ചേര്‍ത്ത് 250ല്‍ ലഭിക്കുന്ന മാര്‍ക്ക് പരിഗണിച്ചാണ് മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നത്. പി.എ.ടിയുടെ മാര്‍ക്ക് റാങ്കിങ്ങിന് പരിഗണിക്കില്ല. യോഗ്യത നേടിയാല്‍ മതി. വിശദമായ മെഡിക്കല്‍ പരിശോധനയുമുണ്ടായിരിക്കും. എന്‍.സി.സി /സ്പോര്‍ട്സ് എന്നിവയില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കും സൈനികരുടെ മക്കള്‍ക്കും വെയ്റ്റേജുണ്ട്.
ആനുകൂല്യങ്ങള്‍ നിരവധി
ഫീസ്, താമസം, ഭക്ഷണം, യാത്ര സൗജന്യമാണ്. യൂനിഫോം, ബുക്ക്, സ്റ്റേഷനറി, വാഷിങ്, ഹെയര്‍ കട്ടിങ് തുടങ്ങിയവയ്ക്ക് പ്രത്യേകം അലവന്‍സുകളുണ്ട്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വിസസില്‍ കമ്മിഷന്‍ഡ് റാങ്കോടെ ഡോക്ടറായി ജോലിയില്‍ പ്രവേശിക്കാം. പകുതിപ്പേര്‍ക്കു പെര്‍മനന്റ് കമ്മിഷനും പകുതിപ്പേര്‍ക്ക് ഷോര്‍ട് സര്‍വിസ് കമ്മിഷനും നല്‍കും. ഷോര്‍ട് സര്‍വിസുകാര്‍ 7 വര്‍ഷവും സ്ഥിരം കമ്മിഷന് ലഭിച്ചവര്‍ റിട്ടയര്‍മെന്റ് വരെയും സര്‍വിസില്‍ തുടരണം. നിശ്ചിത സേവനം കഴിഞ്ഞാല്‍ ഉപരി പഠനത്തിനും അവസരമുണ്ട്.
എന്നാല്‍ കോഴ്സിന് ചേര്‍ന്ന് 7 ദിവസത്തിനു ശേഷം വേണ്ടെന്നുവയ്ക്കുകയാണെങ്കില്‍ 67 ലക്ഷം നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ഇക്കാര്യത്തില്‍ രക്ഷിതാവ് പ്രവേശന സമയത്ത് ബോണ്ട് എഗ്രിമെന്റ് ഒപ്പിടണം. വിശദാംശങ്ങള്‍ http://www.afmcdg1d.gov.in, http://www.afmc.nic.inഎന്നിവയില്‍ ലഭ്യമാണ്.