സൗദി അറേബ്യയിലേക്ക് തൊഴില്‍ അവസരവുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖ സ്ഥാപനമായ ഒഡെപെക്. സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയത്തിലേക്ക് കൺസൾട്ടൻ്റ്/സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകളിലേക്കാണ് നിയമനം. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന ആശുപത്രികളിലും ക്ലിനിക്കുകളിലുമായിരിക്കും ജോലി ചെയ്യേണ്ടി വരിക.
തിരഞ്ഞെടുക്കപ്പെടുന്നവർ എമർജൻസി, ഐ സി യു, എന്‍ ഐ സി യു, പി ഐ സി യു, പ്ലാസ്റ്റിക് സർജറി, വാസ്കുലർ സർജറി വിഭാഗങ്ങളിലായി പ്രവർത്തിക്കണം. എം ബി ബി എസിന്റെ കൂടെ എം എസ് / എം ഡി / ഡി എന്‍ ബിയുമാണ് യോഗ്യതയായി ചോദിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. കുറഞ്ഞ് മൂന്ന് വർഷത്തെ പ്രവർത്തനപരിചയമുണ്ടാകണം. പ്രവർത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം നിശ്ചയിക്കുക.
അപേക്ഷകരുടെ ഏറ്റവും കുറഞ്ഞ പ്രായപരിധി 55 വയസ്സ്. ഇൻ്റർവ്യൂ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപ്‌ഡേറ്റ് ചെയ്ത ബയോഡാറ്റയും ആധാർ, ഫോട്ടോ, പാസ്‌പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, രജിസ്‌ട്രേഷൻ, അനുഭവം എന്നിവയുടെ പകർപ്പുകളും 2025 ജനുവരി 18-നോ അതിനു മുമ്പോ ” Doctors to Saudi Arabia” എന്ന വിഷയത്തില്‍ gcc@odepec.in എന്ന വിലാസത്തിൽ അയയ്ക്കുക.
അതേസമയം, തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ ബിസിനസ്സ് ക്ലിനിക്കില്‍ ഒഴിവുളള സീറ്റുകളിലേയ്ക്ക് ജനുവരി 10 വരെ അപേക്ഷ നല്‍കാം. ഇ-മെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യുന്നതിന് 0471-2770534/8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) നമ്പറിലോ nbfc.coordinator@gmail.com വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.
പ്രവാസികള്‍ക്കും, നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപൂലീകരിക്കുന്നതിനും ഇത് സഹായകരമാകും. ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, നോര്‍ക്ക റൂട്ട്സ് വഴി നല്‍കിവരുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും അവബോധം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് ബിസിനസ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്.