വിദേശത്ത് നല്ലൊരു കരിയര് കെട്ടിപ്പടുക്കുകയെന്നത് വിദ്യാര്ഥികളുടെയും പ്രൊഫഷണലുകളുടെയും ആഗ്രഹമാണ്. ഇക്കാരണത്താല് മറ്റൊരു രാജ്യത്തുനിന്നുള്ള തൊഴിലന്വേഷകര്ക്ക് ഓഫര് ലെറ്റര് ഇല്ലാതെ തന്നെ അവസരങ്ങള് തേടുന്നതിനായി വിസ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.
ഈ പദ്ധതി വഴി ജോബ് ഓഫര് ലെറ്റര് ഇല്ലാതെ തന്നെ സന്ദര്ശിച്ച് ജോലി കണ്ടെത്താന് കഴിയുന്ന രാജ്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഉദ്ദേശിച്ച രാജ്യത്തെത്തി പരിമിതമായ കാലയളവില് താമസിക്കാനും മികച്ചൊരുജോലി കണ്ടെത്താനും കഴിയുന്ന സംവിധാനമാണ് ജോബ് സീക്കര് വിസ (Job Seeker Visa). തൊഴില് ലഭിച്ചുകഴിഞ്ഞാല് അവര്ക്ക് രാജ്യത്ത് വര്ക്ക് പെര്മിറ്റിനോ സ്ഥിര താമസത്തിനോ അപേക്ഷിക്കാവുന്നതാണ്. ഓഫര് ലെറ്റര് ഇല്ലാതെ വിസ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങള് താഴെ പറയുന്നു.
ജര്മ്മനി
ജര്മ്മനിയിലെ Job Seeker Visa തൊഴില് അന്വേഷിക്കുന്ന വ്യക്തികള്ക്ക് ആറ് മാസം രാജ്യത്ത് തുടരാന് അനുവദിക്കുന്നു. ജോലി ലഭിച്ചുകഴിഞ്ഞാല് റസിഡന്സി പെര്മിറ്റിന് അപേക്ഷിക്കണം. തൊഴിലന്വേഷക വിസയില് ജര്മനിയില് ജോലി ചെയ്യാന് കഴിയില്ല. സാധുവായ റെസിഡന്സി പെര്മിറ്റ് ഉണ്ടെങ്കില് മാത്രമേ അത് ചെയ്യാന് കഴിയൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ആവശ്യമായത്:
18 വയസ്സിന് മുകളില് പ്രായമുണ്ടായിരിക്കണം
അംഗീകൃത സര്വകലാശാലയില് നിന്ന് ബിരുദം നേടിയിരിക്കണം. അഞ്ച് വര്ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
അക്കൗണ്ടില് 5,604 യൂറോ ഉള്ളതിന്റെ പ്രൂഫ്. അല്ലെങ്കില് ജര്മ്മനിയില് താമസിക്കുന്ന സ്പോണ്സറുടെ കത്ത്.
വിസ അപേക്ഷയ്ക്കുള്ള രേഖകള്:
അപേക്ഷിക്കുമ്ബോള് കുറഞ്ഞത് 12 മാസത്തെ സാധുതയുള്ള പാസ്പോര്ട്ട് + ഡാറ്റ പേജിന്റെ പകര്പ്പ്
3 പാസ്പോര്ട്ട് ഫോട്ടോകള്
അപേക്ഷകന്റെ കരിയര് പ്ലാന് വിശദീകരിക്കുന്ന കവര് ലെറ്റര്
അക്കാദമിക്, തൊഴില് യോഗ്യതയുടെ തെളിവ്
ലേറ്റസ്റ്റ് സി.വി
ആദ്യ 30 ദിവസത്തേക്കുള്ള താമസ സൗകര്യം തയാറാക്കിയതിന്റെ തെളിവ്.
ജനന സര്ട്ടിഫിക്കറ്റ്/ആധാര് കാര്ഡ്
ആരോഗ്യ ഇന്ഷുറന്സ്
(തൊഴിലന്വേഷക വിസ ഫീസ് 75 യൂറോ ആണ്. മുകളില് സൂചിപ്പിച്ച രേഖ നടപടിക്രമങ്ങളുടെ ചെലവും അപേക്ഷകര് വഹിക്കേണ്ടിവരും. ഇതിന് 2,000 രൂപ മുതല് 40,000 രൂപ വരെ ചിലവാകും.
സ്വീഡന്
തൊഴിലന്വേഷകര്ക്കായി 2022 ല് ആണ് സ്വീഡന് ഈ വിസ പ്രോഗ്രാം അവതരിപ്പിച്ചത്. ഇതുപ്രകാരം മൂന്ന് മാസം മുതല് ഒമ്ബത് മാസം വരെ സ്വീഡനില് തങ്ങി ജോലിക്ക് ശ്രമിക്കാം. ഈ വിസ അഡ്വാന്സ്ഡ് ബിരുദമുള്ള ആളുകള്ക്ക് മാത്രമുള്ളതാണ്. സ്വീഡനില് ജോലി ചെയ്യാന് ഇത് അനുവദിക്കുന്നില്ല. മറിച്ച് ജോലി അന്വേഷിക്കാന് മാത്രമേ ഈ വിസ കൊണ്ട് കഴിയൂ. ജര്മനിയിലേത് പോലെ ജോലി ലഭിച്ചയുടന് വര്ക്ക് പെര്മിറ്റിന് അപേക്ഷിക്കണം.
ആവശ്യമായത്:
മാസ്റ്റേഴ്സ് ബിരുദം, പിഎച്ച്‌ഡി, അഡ്വാന്സ്ഡ് വൊക്കേഷണല് ബിരുദം/പ്രൊഫഷണല് ബിരുദം തുടങ്ങിയ ഉന്നത ബിരുദങ്ങള് ഉണ്ടായിരിക്കണം.
തൊഴില് അന്വേഷണത്തിനാവശ്യമായ ഫണ്ട് ഉണ്ടായിരിക്കണം
സാധുതയുള്ള പാസ്പോര്ട്ട്
വിസ അപേക്ഷയ്ക്കുള്ള രേഖകള്:
പാസ്പോര്ട്ട്
ഓരോ മാസവും കുറഞ്ഞത് സ്വീഡിഷ് കറന്സിയായ 13,000ന് തുല്യമായ (ഏകദേശം ഒരു ലക്ഷംരൂപ) ബാങ്ക് ആസ്തികളുള്ള ഫണ്ടുകളുടെ പ്രൂഫ്.
സ്വീഡനില് തൊഴില് തേടുന്നതിനോ ബിസിനസ്സ് ആരംഭിക്കുന്നതിനോ ഉള്ള പ്ലാന്.
ആരോഗ്യ ഇന്ഷുറന്സ്
വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെടാനുള്ള അവകാശം സ്വീഡിഷ് കൗണ്സില് ഫോര് ഹയര് എഡ്യൂക്കേഷന് നല്കുന്നതിനുള്ള സമ്മതപത്രം.
(അപേക്ഷിക്കുന്നതിനുള്ള ചെലവ് 2,200 സ്വീഡിഷ് കറന്സി )
ഓസ്ട്രിയ
ഓസ്ട്രിയയുടെ തൊഴിലന്വേഷക വിസ ഉയര്ന്ന യോഗ്യതയുള്ളവര്ക്ക് മാത്രമാണ്. പിഎച്ച്‌ഡി, വിദേശ ഭാഷാ പ്രാവീണ്യം, പ്രായം, ജോലി പരിചയം, ശമ്ബളം തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി പോയിന്റുകള് തരംതിരിച്ചിട്ടുണ്ട്. ഈ പോയിന്റ് മീറ്റ് ചെയ്യുന്നവര്ക്കേ അപേക്ഷിക്കാനാകൂ. ഈ വിസയ്ക്ക് ആറ് മാസത്തെ സാധുതയുണ്ട്. ജോലി കണ്ടെത്തിയ ശേഷം അവിടെ ജോലി ചെയ്യുന്നതിന് ആളുകള് ഓസ്ട്രിയയുടെ Red-White-Red card (residence permit) ന് അപേക്ഷിക്കേണ്ടതുണ്ട്.
ആവശ്യമായത്:
ഉയര്ന്ന യോഗ്യതയുള്ള തൊഴിലാളിയായി യോഗ്യത നേടുന്നതിന് ഓസ്ട്രിയയുടെ 100 പോയിന്റ് സ്കെയിലില് 70 പോയിന്റുകള് എങ്കിലും ആവശ്യമാണ്.
വിസ അപേക്ഷയ്ക്കുള്ള രേഖകള്:
പാസ്പോര്ട്ട്
ആറ് മാസത്തിനുള്ളില് എടുത്ത ഒരു ഫോട്ടോ
താമസ സൗകര്യത്തിനുള്ള പ്രൂഫ്.
ആരോഗ്യ ഇന്ഷുറന്സ്
സാമ്ബത്തിക തെളിവ്.
കുറഞ്ഞത് 70 പോയിന്റുകള് തെളിയിക്കുന്നതിനുള്ള രേഖകള്
ഉയര്ന്ന യോഗ്യതയുള്ള തൊഴിലാളിയായി അപേക്ഷിക്കുന്നതിനുള്ള തൊഴിലന്വേഷക വിസയ്ക്കുള്ള ഫീസ് 150 യൂറോ ആണ്.
പോര്ച്ചുഗല്
പോര്ച്ചുഗലിന്റെ തൊഴിലന്വേഷക വിസയ്ക്ക് പ്രൊഫഷണല് യോഗ്യതകളൊന്നും ആവശ്യമില്ല. നാല് മാസത്തേക്ക് അനുവദിക്കുന്ന സിംഗിള് എന്ട്രി വിസയാണിത്. രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടാനും കഴിയും. ജോലി ലഭിച്ച ശേഷം പോര്ച്ചുഗലില് ജോലി ചെയ്യാന് കഴിയുന്ന തരത്തില് റസിഡന്സ് പെര്മിറ്റിന് അപേക്ഷിക്കേണ്ടതുണ്ട്. സാധുതയുള്ള കാലയളവില് ജോലി കണ്ടെത്താന് കഴിയുന്നില്ലെങ്കില്, അവര് താമസിക്കുന്ന രാജ്യത്തേക്ക് മടങ്ങണം. തൊഴിലന്വേഷക വിസ കാലാവധി അവസാനിച്ച് ഒരു വര്ഷത്തിന് ശേഷം വീണ്ടും അപേക്ഷിക്കാം.
ആവശ്യമായത്:
കുറഞ്ഞത് മൂന്ന് മാസത്തെ ശമ്ബളത്തിന്റെ തുകയ്ക്ക് തുല്യമായ ഫണ്ട് അക്കൗണ്ടില് വേണം. അല്ലെങ്കില് ഉത്തരവാദിത്തം ഏറ്റെടുക്കാന് തയ്യാറുള്ള പോര്ച്ചുഗലിലെ നിയമപരമായ താമസക്കാരന്.
വിസ അപേക്ഷയ്ക്കുള്ള രേഖകള്:
സാധുവായ പാസ്പോര്ട്ട്
രണ്ട് കോപ്പി പാസ്പോര്ട്ട് ഫോട്ടോ
നിലവിലെ പൗരത്വമുള്ള രാജ്യത്തിന് പുറത്താണ് താമസമെങ്കില് അവിടത്തെ സ്റ്റാറ്റസിന്റെ പ്രൂഫ്.
ക്രിമിനല് റെക്കോര്ഡ് സര്ട്ടിഫിക്കറ്റ്
യാത്രാ ഇന്ഷുറന്സ്
ഫണ്ടുകളുടെ പ്രൂഫ്.
(പോര്ച്ചുഗല് തൊഴിലന്വേഷക വിസയുടെ കൃത്യമായ വില ഔദ്യോഗിക വെബ്സൈറ്റില് വെളിപ്പെടുത്തിയിട്ടില്ല.)
യുഎഇ
സന്ദര്ശകരുടെയോ സ്പോണ്സറുടെയോ ആവശ്യമില്ലാതെ വ്യക്തികള്ക്ക് തൊഴിലന്വേഷക വിസിറ്റ് വിസയില് യുഎഇയിലേക്ക് വരാം. ഇപ്രകാരം മൂന്ന് സാധുതയുള്ള വിസയ്ക്ക് അപേക്ഷിക്കാം. അപേക്ഷിക്കാന് ചില പ്രൊഫഷണല് യോഗ്യതകളുണ്ട്. യുഎഇയുടെ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ലോകത്തിലെ ഏറ്റവും മികച്ച 500 സര്വകലാശാലകളില് നിന്ന് ബിരുദം നേടിയിരിക്കണം. അല്ലെങ്കില് മാനവ വിഭവശേഷി, എമിറേറ്റൈസേഷന് മന്ത്രാലയം അനുസരിച്ച് ഫസ്റ്റ്/സെക്കന്ഡ്/മൂന്നാം സ്കില് പ്രൊഫഷണല് ജോലി നേടിയിട്ടുണ്ടാകണം.
ആവശ്യമായത്:
യുഎഇ ഗവണ്മെന്റ് നിഷ്കര്ഷിക്കുന്ന 500 മികച്ച സര്വകലാശാലകളില് നിന്ന് ബിരുദം നേടിയവരോ പ്രൊഫഷണല് ജോലി നേടിയവരോ ആയിരിക്കണം.
ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യമോ ഉണ്ടായിരിക്കണം.
സാമ്ബത്തിക ഗ്യാരണ്ടി നല്കണം
വിസ അപേക്ഷയ്ക്കുള്ള രേഖകള്:
കളര്ഫോട്ടോ
പാസ്പോര്ട്ടിന്റെ പകര്പ്പ്.
യോഗ്യതാ സര്ട്ടിഫിക്കറ്റ്.
(രണ്ട് മാസത്തെ വിസയ്ക്ക് 1,495 യുഎഇ ദിര്ഹം. മൂന്ന് മാസത്തേക്ക് 1,655 ഉം നാല് മാസത്തേക്ക് 1,815 ഉം ആണ് നിരക്ക്.)